This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോണ്യെ, ഹാന്‍സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രോണ്യെ, ഹാന്‍സി

Cronje, Hansie (1969 - 2002)

ഹാന്‍സി ക്രോണ്യെ

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം. വെസ്സല്‍ ജോഹന്നാസ് ഹാന്‍സി ക്രോണ്യെ എന്നാണ് പൂര്‍ണനാമധേയം. ദക്ഷിണാഫ്രിക്കയെ ലോക ക്രിക്കറ്റിലെ മുന്‍നിര ടീമുകളിലൊന്നാക്കി മാറ്റിയ ക്രോണ്യെ മികച്ചൊരു മധ്യനിര ബാറ്റ്സ്മാനായിരുന്നു.

1969 സെപ്. 25-ന് ദക്ഷിണാഫ്രിക്കയിലെ ബ്ലെംഫൊണ്ടെയില്‍ എവിക്രോണ്യെ-സാന്‍മറിയ ദമ്പതികളുടെ മകനായി ജനിച്ചു. പിതാവും മൂത്ത സഹോദരനും ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര ക്രിക്കറ്റ് രംഗത്തെ പ്രമുഖ കളിക്കാരായിരുന്നു. 18-ാമത്തെ വയസ്സില്‍ ഓറഞ്ച് ഫ്രീസ്റ്റേറ്റ് പ്രവിശ്യാടീമിലൂടെയാണ് ക്രോണ്യെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച ഓള്‍റൌണ്ട് പ്രകടനങ്ങളിലൂടെ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ക്രോണ്യെ 21-ാമത്തെ വയസ്സില്‍ പ്രസ്തുത ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു.

1992-ല്‍ ലോകകപ്പ് ടീമിലേക്കുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ക്രോണ്യെ ഭേദപ്പെട്ട പ്രകടനങ്ങള്‍ കാഴ്ചവച്ചതിനെത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് ടീമിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

1992-93 കാലത്ത് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടന വേളയില്‍ ഏകദിനത്തില്‍ 5 വിക്കറ്റ് നേട്ടമടക്കം നിരവധി വിക്കറ്റുകള്‍ കരസ്ഥമാക്കിയ ക്രോണ്യെ ഇന്ത്യയ്ക്കെതിരെ തന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് സെഞ്ച്വറിയും നേടി (135 റണ്‍സ്). തുടര്‍ന്ന് ആസ്റ്റ്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട ക്രോണ്യെ ചുരുങ്ങിയ കാലം കൊണ്ട് ടീമിന്റെ ക്യാപ്റ്റനായും മാറി (1993). 24 വയസ്സായിരുന്നു ആ സമയം ക്രോണ്യയുടെ പ്രായം. ക്രോണ്യെയുടെ നായകത്വത്തില്‍ മികച്ച വിജയങ്ങള്‍ ടീം കരസ്ഥമാക്കി. 1996 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്ക 1999 ലോകകപ്പില്‍ ഏറ്റവും അധികം വിജയസാധ്യത കല്പിക്കപ്പെട്ട ടീമായിരുന്നുവെങ്കിലും സെമിഫൈനലില്‍ പരാജയപ്പെട്ടു. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ക്രോണ്യെ ആയിരുന്നു.

2000-01 വര്‍ഷങ്ങളില്‍ ക്രിക്കറ്റ് ലോകത്ത് നിരവധി ആരോപണങ്ങള്‍ക്ക് വഴിതെളിയിച്ച കോഴ-ഒത്തുകളി വിവാദങ്ങളില്‍ ക്രോണ്യെയും കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇദ്ദേഹത്തിനുമേല്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. മാധ്യമങ്ങള്‍ക്കുമുന്നില്‍ ക്രോണ്യെ തന്റെ തെറ്റ് ഏറ്റുപറയുകയുണ്ടായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിലക്കേര്‍പ്പെടുത്തിയതിനുശേഷം ജോഹന്നാസ് ബര്‍ഗിലെ കാര്‍ഷിക ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയില്‍ ഫൈനാന്‍സ് മാനേജരായി സേവനമനുഷ്ഠിച്ചുപോന്നു.

ഏകദിന ക്രിക്കറ്റില്‍ 188 മത്സരങ്ങളില്‍ നിന്നുമായി 2 സെഞ്ച്വറിയും 39 അര്‍ധസെഞ്ച്വറിയുമടക്കം 5565 റണ്‍സും 114 വിക്കറ്റുകളും ടെസ്റ്റ് ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ നിന്നായി 6 സെഞ്ച്വറിയും 23 അര്‍ധസെഞ്ച്വറിയുമടക്കം 3714 റണ്‍സും 43 വിക്കറ്റുകളും ക്രോണ്യെ സ്വന്തമാക്കിയിട്ടുണ്ട്.

2002 ജനുവരിയില്‍ ഒട്ടനിക പര്‍വതങ്ങള്‍ക്കു മുകളില്‍ വച്ചുണ്ടായ ഒരു വിമാനാപകടത്തില്‍ ക്രോണ്യെ കൊല്ലപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍